ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ഹരിയുടെ (മഹാവിഷ്ണു‌) പാട് (സ്ഥലം) ആയ ഹരിപ്പാട് ബ്ലോക്കിൻ്റെ ആരംഭം 1957 ഒക്ടോബർ 2-ാം തീയതിയാണ്. ഹരിപ്പാട് ടൗണിൽ മഹാസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ ക്യാമ്പ് ഓഫീസിലായിരുന്നു എൻ. ഇ.എസ് (സ്റ്റേജ് - 1) ബ്ലോക്കിൻ്റെ ആരംഭം. ഹരിപ്പാട് ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തു നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറ് പ്രസിദ്ധമായ മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ബ്ലോക്ക് ആസ്ഥാനം 1962 -ൽ സ്റ്റേജ് - 2 ബ്ലോക്കായി. മണ്ണാറശാല ഇല്ലവും പുത്തിയിൽ തറവാടും ചേർന്ന് സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് സ്ഥിരമായി കെട്ടിടങ്ങളും മറ്റ് സംവിധാനങ്ങളോടും കൂടി സ്ഥിതി ചെയ്യുന്നു.

90.66 ച. കി.മീ ചുറ്റളവിൽ പള്ളിപ്പാട്, കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, കുമാരപുരം, കരുവാറ്റ, ചെറുതന, വീയപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്തെ പ്രധാന തൊഴിൽ കൃഷിയാണ്. ഇതിൽ വീയപുരം, ചെറുതന, കരുവാറ്റ, പള്ളിപ്പാട് ഗ്രാമപഞ്ചായത്തുകൾ പൂർണ്ണമായും കാർഷിക മേഖലയെ ആശ്രയിക്കു ന്നു. ആലപ്പുഴയുടെ മുഖമുദ്രയായ കയർ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രദേശമാണ് കാർത്തികപ്പള്ളി, കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രദേശങ്ങൾ. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തീരദേശ മേഖലയാണ് തൃക്കുന്നപ്പുഴ.